പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പ്രധാന സ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ
പാലാക്കരി ഫിഷ് ഫാം :
പ്രകൃതി ഭംഗിയും കായൽ ഭംഗിയും സമന്വയിക്കുന്ന ഇവിടം ചെമ്പ് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളുടേയും, ഉപ്പുവെള്ള മത്സ്യങ്ങളുടേയും പരിപാലനത്തിനും വളർത്തലിനും ആവശ്യമായ സൌകര്യങ്ങൾ ഇവിടെ ലഭ്യമാണ്. പ്രകൃതി ഭംഗിയും കായൽ ഭംഗിയും സുരക്ഷിതമായി ആസ്വദിക്കാൻ ഈ കായൽ പരിസരം അനുയോജ്യമാണ്.
തുരുത്തുമ്മ തൂക്ക് പാലം :
മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന തുരുത്തുമ്മ – കണ്ണംകുളത്ത് കടവ് തൂക്ക് പാലം മൂവാറ്റുപുഴയാറിൻറെ കൈവഴിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. തൂക്ക് പാലത്തിന് മുകളിൽ നിന്ന് കാണുന്ന മൂവാറ്റുപുഴയാറിൻറെ മനോഹര കാഴ്ചകളും വൈകുന്നേരത്തെ സൂര്യാസ്തമയ ദൃശ്യങ്ങളും എല്ലാ പ്രകൃതി സ്നേഹികളുടേയും മനം കവരും. ഉത്തരവാദിത്വ ടൂറിസത്തിലൂടെ (Responsible Tourism) ലോക ശ്രദ്ധ നേടിയ മറവൻതുരുത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.
വിളക്ക് മാടം :
ടിവി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് പിന്നിലായി വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്തിലാണ് വിളക്കുമാടം ഉള്ളത്. രാജഭരണ കാലത്ത് വേമ്പനാട്ട് കായലിലൂടെയുള്ള ചരക്ക് വള്ളങ്ങൾക്ക് വഴിക്കാട്ടുന്നതിനായാണ് ഇത് സ്ഥാപിച്ചതെന്ന് കരുതുന്നു. കായലിൻറെ നടുക്കുള്ള പച്ചപ്പ് നിറഞ്ഞ തുരുത്തും വിളക്ക് മാടവും വളരെയധികം വിനോദ സഞ്ചാരിക്കളെ ആകർഷിക്കുന്നു.